കൊല്ലം :- കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടർന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭർത്താവിന്റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്കൂളിൽ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവർ. രാവിലെ ജോലിക്ക് പോകാൻ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളിൽ ഒരാൾ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികൾ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
"ഞാൻ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്റെ കാരണം വീട്ടിൽ ഇരുന്ന സ്വർണം എടുത്ത് പണയം വെച്ചതും ഞാൻ പറഞ്ഞതു പോലെ കേൾക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാൾ ക്യാൻസർ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിൻ്റെ ആവശ്യം എന്റെ ഭാര്യക്കില്ല" എന്നും പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
