കോഴിക്കോട് :- ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളിലെ പൊറോട്ടയ്ക്ക് നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും. 18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്‌ടി തിങ്കളാഴ്ച മുതൽ പൂർണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന് മാത്രമേ ബാധകമാകുകയുള്ളൂ. വൻകിട കമ്പനികൾ ഇറക്കുന്ന പായ്ക്കറ്റ് പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഇനി 18 ശതമാനം കുറച്ച് കൊടുത്താൽ മതി. ഉത്പാദന മേഖലയിൽ 40 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ള കമ്പനികളേ ജിഎസ്ടിയുടെ പരിധിയിൽ വരുകയുള്ളൂ. അതുകൊണ്ട് അവരിറക്കുന്ന ഉത്പന്നങ്ങൾക്കേ വിലക്കുറവ് അനുഭവപ്പെടുകയുള്ളൂ എന്നാണ് ജിഎസ്‌ടി വകുപ്പ് പറയുന്നത്. മറ്റുള്ളവർ ജിഎസ്‌ടി ഇല്ലാതെ തന്നെയാണ് വിൽപ്പന നടത്തുന്നത്. ഹോട്ടൽ ഭക്ഷണത്തിന് കാലങ്ങളായി അഞ്ച് ശതമാനമാണ് നികുതി.
മലയാളികളുടെ ഏറ്റവും ഇഷ്ടവിഭവമായ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ജിഎസ്ടിയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെങ്കിലും ഹോട്ടലിൽ നിന്ന് കഴിച്ചാൽ അത് ഹോട്ടൽ ഭക്ഷണം എന്ന വിഭാഗത്തിലേ വരുകയുള്ളു. ഹോട്ടലുകളിലെ പാഴ്‌സൽ കൗണ്ടറുകളിൽ നിന്ന് വാങ്ങിയാലും ഇതിൽ മാറ്റമൊന്നുമില്ല. 12 രൂപ മുതൽ 20 രൂപ വരെ മൈദകൊണ്ടുണ്ടാക്കുന്ന പൊറോട്ടയ്ക്ക് പല ഹോട്ടലുകളിലും പല നിരക്കാണ്. കേരള പൊറോട്ട എന്നും രുചിയിലെ താരമാണ്. ബിരിയാണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന വിഭവമാണ് പൊറോട്ട.
