മുംബൈ :- ജിഎസ്‌ടി ഭേദഗതി നടപ്പാക്കുമ്പോൾ മുൻപ് പാക്കുചെയ്ത അവശ്യവസ്തുക്കളുടെ വില പരിഷ്കരിച്ചു രേഖപ്പെടുത്തുന്നതിൽ ഇളവുകളുമായി കേന്ദ്രസർക്കാർ. ജിഎസ്ടി പരിഷ്ക്കരണം സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിലയിലെ മാറ്റം വ്യക്തമാക്കി സ്റ്റിക്കർ പതിക്കണമെന്ന നിബന്ധനയിൽ ഇളവുവരുത്തി. വിൽക്കാതെ സ്റ്റോക്കുള്ള ഉത്പന്നങ്ങളിൽ മുഴുവനായി ചുരുങ്ങിയദിവസംകൊണ്ട് സ്റ്റിക്കർ പതിപ്പിക്കുക ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണിത്. സ്റ്റിക്കർ ഒട്ടിക്കുകയോ സ്റ്റാമ്പ് പതിക്കുകയോ ചെയ്യണമെന്ന മുൻനിർദേശം കമ്പനികൾ നിർബന്ധമായി നടപ്പാക്കേണ്ടതില്ല. കമ്പനികൾക്കു താത്‌പര്യമുണ്ടെങ്കിൽ സ്റ്റിക്കർ ഒട്ടിക്കുകയോ സ്റ്റാമ്പ് പതിപ്പിക്കുകയോ ചെയ്താൽ മതിയാകും.
വില പരിഷ്ക്കരിച്ച് രണ്ടു പത്രപരസ്യം നൽകണമെന്ന നിബന്ധനയും പിൻവലിച്ചു. പകരം ഡീലർമാരെയും റീട്ടെയിലർമാരെയും ഉപഭോക്താക്കളെയും വിലപരിഷ്ക്കരണം വിവിധ മാധ്യമങ്ങൾമുഖേന അറിയിച്ചാൽ മതിയാകും. വിലപരിഷ്ക്കരണ വിവരം വ്യാപാര പങ്കാളികളെ അറിയിച്ച് ഉത്തരവ് കൈമാറണം. ഇതിന്റെ പകർപ്പ് കേന്ദ്ര-സംസ്ഥാന ലീഗൽ മെട്രോളജി അധികൃതർക്കും നൽകണം. പരിഷ്ക്കരിച്ച വില പതിപ്പിച്ച് കമ്പനികൾ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. നിലവിൽ അടിച്ചുവെച്ചിട്ടുള്ള പാക്കേജിങ് വസ്തുക്കൾ 2026 മാർച്ച് 31 വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നതുവരെ ഉപയോഗിക്കാനും സർക്കാർ അനുമതി നൽകി. ഇത്തരം പാക്കുകളിൽ പുതിയ വില രേഖപ്പെടുത്തിയുള്ള സ്റ്റിക്കർ ഒട്ടിക്കുകയോ സ്റ്റാമ്പ് പതിപ്പിക്കുകയോ ചെയ്യാം.
