മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 4 മെഗാവാട്ട് സൗരോർജ പദ്ധതി നിർമാണം ആരംഭിച്ചു. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയുടെ ഒരു ഭാഗത്തും പാർക്കിങ്ങിനും ടെർമിനൽ കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്തുമാണു സോളർ പാനലുകൾ സ്ഥാപിക്കുന്നത്. പാനലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. 3 മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണു പ്രതീക്ഷ. ശരാശരി 3 ലക്ഷം രൂപയാണു പ്രതിദിനം വിമാനത്താവളത്തിലെ വൈദ്യുത ബിൽ.
സൗരോർജ പദ്ധതി യാഥാർഥ്യമാകുന്നതോടെ കിയാലിൻ്റെ ഊർജ ഉപഭോഗ ചെലവ് 30-40 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. ഇക്കഴിഞ്ഞ ജൂണിൽ വിമാനത്താവളത്തിൽ വൈദ്യുതി എത്തിക്കുന്ന കെഎസ്ഇബി കേബിൾ തകരാറിലായി 4 ദിവസങ്ങളിലായി 30 ലക്ഷം രൂപയോളം കിയാലിനു നഷ്ടംവന്നിരുന്നു. കെഎസ്ഇബിയുടെ വൈദ്യുതിയുടെ അഭാവത്തിൽ വിമാനത്താവളത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ലീറ്റർ കണക്കിനു ഡീസലാണു വേണ്ടി വന്നത്. സോളർ പദ്ധതി പൂർത്തിയാകുന്നതോടെ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സഹായകരമാകും.
