തിരുവനന്തപുരം :- കേരളത്തിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി യൂറോപ്പ്, യുഎസ് ഉൾപ്പെടെ വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും ഇതു ബാധിക്കും. മത്സരം കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാനും ഇതു കാരണമാകും. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് ദുബായ്, അബുദാബി എന്നിവയുൾപ്പെടെയുള്ള സർവീസുകൾ ഒക്ടോബർ 26 മുതൽ റദ്ദാകും.
ബെംഗളൂരു കേന്ദ്രമാക്കി സർവീസുകൾ വർധിപ്പിക്കാനും മറ്റു വിമാനത്താവളങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനുമാണു കേരളത്തിൽ നിന്നുള്ള സർവീസുകൾ ഒഴിവാക്കുന്നതെന്നാണു വിവരം. ഗൾഫിലേക്കുള്ള മലയാളികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നതു കുറഞ്ഞനിരക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ്. അടുത്തമാസം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കപ്പെടുമെന്നാണു വിവരം.
