കണ്ണൂർ :- തിരഞ്ഞെടുത്ത ബിവറേജസ് ഔട്ലെറ്റുകളിൽ ഒഴിഞ്ഞ പ്ലാസ്‌റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തുടങ്ങിയതോടെ വ്യാജമദ്യം തിരിച്ചറിയാനാകാതെ എക്സൈസും പോലീസും. പ്ലാസ്‌റ്റിക് മദ്യക്കുപ്പികൾക്കു വില ലഭിച്ചു തുടങ്ങിയതോടെ മദ്യം വാങ്ങുന്നവർ കൗണ്ടറിൽ വച്ചു തന്നെ ഇത് മറ്റു കുപ്പികളിലേക്കു മാറ്റിയ ശേഷം കുപ്പി തിരികെ നൽകി പണം വാങ്ങുകയാണ്. സീൽ ഇല്ലാത്ത കുപ്പിയിൽ കൊണ്ടുപോകുന്ന മദ്യം ബില്ല് ഉണ്ടെങ്കിൽ പോലും വ്യാജമദ്യമായി കണക്കാക്കി കേസ് എടുത്തിരുന്ന പൊലീസും എക്സൈസും ഇതോടെപെട്ടു.
സർക്കാർ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ചു കുപ്പി തിരികെ കൊടുത്തതാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പേർ രംഗത്തെത്തിയതോടെ വാഹന പരിശോധനകൾക്കിടെ തർക്കം പതിവായി. നിലവിൽ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 ഔട്ലെറ്റുകളിലാണു പ്ലാസ്‌റ്റിക് കുപ്പികൾ തിരികെയെടുക്കുന്ന പദ്ധതി ആരംഭിച്ചത്. മറ്റു ജില്ലകളിൽ കൂടി പദ്ധതി നടപ്പാക്കുമ്പോൾ പിടിച്ചെടുക്കുന്നതു വ്യാജമദ്യമാണോ ബവ്റിജസിലെ മദ്യമാണോയെന്നു തിരിച്ചറിയാൻ കഴിയാതെ വരികയും വ്യാജമദ്യ വ്യാപനത്തിനും ഇടയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറയുന്നു.
