തിരുവനന്തപുരം :- സംസ്ഥാനത്ത് കഴിഞ്ഞ മാസം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേർ. 40 പേർക്കാണു രോ ഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്‌ഥയിലായിരുന്ന ഇവർക്ക് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചതു സ്‌ഥിതി വഷളാക്കി. അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചതിൻ്റെ ഉറവിടം നിർണയിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ. ഇദ്ദേഹത്തിന്റെ വീട്ടിലെ ജലസംഭരണിയും പൈപ്പും മറ്റു വെള്ളവുമൊക്കെ പരിശോധിച്ചപ്പോൾ അതിൽ ബാലമുത്തിയ എന്ന അമീബയുടെ സാന്നിധ്യമാണു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ കണ്ടെത്തിയതാകട്ടെ അകാന്തമീബയും. സമീപകാലത്തൊന്നും മറ്റു സ്‌ഥലങ്ങളിൽ പോയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
