സാൻഫ്രാൻസിസ്കോ :- കനത്ത പിരിച്ചുവിടലിനൊരുങ്ങി ആമസോൺ. 14,000 ജീവനക്കാരെ പിരിച്ചു വിടാനാണ് തീരുമാനം. കോവിഡ് കാലത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വൻ തോതിൽ നിയമനങ്ങൾ നടത്തിയിരുന്നു. ഇത് ഉയർത്തിയ അധിക ബാധ്യത നേരിടാനാണ് ഇപ്പോൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. 2022 ന് ശേഷം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. അന്ന് 27,000 പേരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഈ ആഴ്‌ച മുതൽ നടപടികൾക്ക് തുടക്കമാവും.
ഇന്നലെ മുതൽ പിരിച്ചുവിടലിനു വിധേയരാകുന്ന ജീവനക്കാർക്ക് ആ ഇമെയിൽ അയച്ചു തുടങ്ങിയിട്ടുണ്ട്. എഐയുടെ കടന്നു വരവ് വരും വർഷങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നതിന്റെ സാധ്യത ഉയർത്തുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. 2012ൽ ആൻഡി ജാസി ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ചെലവു ചുരുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. എഐ സാങ്കേതിക രംഗത്ത് വൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന കമ്പനി നോർത്ത് കാരലൈനയിൽ 1000 കോടി ഡോളർ മുതൽ മുടക്കിൽ ക്യാംപസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ആമസോണിൽ ആകെ 15.5 ലക്ഷം ജീവനക്കാരുണ്ട്.
