സംശയാലുവായ ഭർത്താവ് വിവാഹജീവിതം നരകമാക്കും, അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും ഹൈക്കോടതി


കൊച്ചി :- സംശയാലുവായ ഭർത്താവ് വിവാഹജീവിതം നരകമാക്കുമെന്നും അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും ഹൈക്കോടതി. ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നതു ശീലമാക്കിയ ഭർത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണു നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാൻ കഴിയണമെന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കിയില്ലെന്ന പേരിൽ ഹർജി തള്ളാനാവില്ല. 

പരസ്പരവിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭർത്താവ് കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുകയും വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ ഭാര്യയ്ക്ക് കടുത്ത മാനസികവേദനയും അപമാനവുമാകും. ഭർത്താവ് പുറത്തുപോകുമ്പോൾ മുറിപൂട്ടുകയാണെന്നും തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഭർത്താവിന്റെ സാന്നിധ്യത്തിലല്ലാതെ ഫോൺ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഉൾപ്പെടെയുള്ള ഭാര്യയുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. 

വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരിൽ അനുവദിച്ചില്ല. തുടർന്നാണ് സമീപിച്ചത്. ഹൈക്കോടതിയെ ഇരുവരുടെയും വിവാഹം 2013 ൽ ആയിരുന്നു. വിവാഹ സമയത്ത് നഴ്സായിരുന്ന ഭാര്യയോടു ജോലി രാജിവച്ച്, വിദേശത്തുള്ള തന്റെയടുത്തെത്താൻ ഭർത്താവ് ആവശ്യപ്പെട്ടു. അവിടെ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. വിദേശത്തെത്തിയെങ്കിലും തുടക്കം മുതൽ ഭർത്താവ് സംശയാലുവായിരുന്നെന്നും ജോലിക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നിരുത്സാഹപ്പെടുത്തിയെന്നും ഭാര്യ അറിയിച്ചു. ഗർഭിണിയായ ശേഷം യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതെല്ലാം ഭർത്താവ് നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Previous Post Next Post