പാലക്കാട് :- സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ നാമമാത്രമായെങ്കിലും വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. 30 പൈസയെങ്കിലും വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോട്ടറിയിൽനിന്നു സർക്കാരിനു ലഭിക്കുന്ന വരുമാനത്തിൽ നിന്നാകും കമ്മീഷൻ വർദ്ധനവിനായുള്ള തുക കണ്ടെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഭാഗ്യക്കുറി ഏജൻ്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന ഭവനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജി.എസ്.ടി വർദ്ധനവ് ലോട്ടറി മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഏജന്റുമാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ക്ഷേമനിധി ബോർഡ് അനുവദിച്ച 9.47 കോടി രൂപ ഉപയോഗിച്ച് വിവിധ ജില്ലകളിലായി 160 വീടുകളാണു നിർമിക്കുന്നത്. ഒരു വീടിന് 5.92 ലക്ഷം രൂപയാണ് ക്ഷേമനിധി ബോർഡ് അനുവദിക്കുന്നത്. ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് താങ്ങും തണലുമാകാൻ സർക്കാരും ക്ഷേമനിധി ബോർഡും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
