മയ്യിൽ :- കമ്പിവലയിട്ട കിണറിനുള്ളിലെ കാട് പറിക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാടിക്കുന്ന് കരിയാത്തുംകോട്ടം ഗോപാലൻ പീടികയിലെ രവീന്ദ്രന്റെ (80) കൈയാണ് ഇന്നലെ ഉച്ചയോടെ കമ്പിവലയിൽ കുടുങ്ങിയത്. മകൻ്റെ വീട്ടിലെത്തിയ രവീന്ദ്രൻ കിണറിനു മുകളിൽ സ്ഥാപിച്ച കമ്പിവലയുടെ ഗ്രിൽസിന്റെ ഇടയിലൂടെ കൈ കടത്തി കാട് പറിച്ച് നീക്കുന്നതിനായി കൈ താഴ്ത്തിയപ്പോഴാണു തിരിച്ചെടുക്കാൻ സാധിക്കാതെയായത്.
ഏറെ പണിപ്പെട്ടിട്ടും കൈ തിരിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തളിപ്പറമ്പിലെ സീനിയർ ഫയർ ഓഫിസർ വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കയ്യിൽ കുടുങ്ങിയ ഇരുമ്പ് വലയുടെ ഭാഗത്തോടെ മുറിച്ച് കൈ പുറത്തെടുത്തു. തുടർന്ന് അര മണിക്കുറോളം പ്രയത്നിച്ച് കയ്യിൽ നിന്ന് വലയും മുറിച്ചു നീക്കി. ഫയർ ഓഫിസർമാരായ കെ.ധനേഷ്, പി.വി ഗിരീഷ്, ഹോംഗാർഡ് സി.വി രവീന്ദ്രൻ, ഡ്രൈവർ എം.ഷിജിത്ത് കുമാർ എന്നിവരും രക്ഷാസംഘത്തിൽ ഉണ്ടായിരുന്നു.
