മയ്യഴി :- മാഹി സെയ്ൻ്റ് തെരേസാ ബസിലിക്കയിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ 16-ാം ദിനത്തിലേക്ക്. തിരുനാളിന്റെ 15-ാം ദിനത്തിൽ വലിയതോതിൽ ഭക്തജനങ്ങളെത്തി. രാവിലെ മുതൽ ന്യൂമാഹി, അഴിയൂർ ഭാഗങ്ങളിലെ റോഡുകളെല്ലാം ഗതാഗതക്കുരുക്കിലായി. രാവിലെ 7 മണി മുതൽ ഇടവിട്ട് ദിവ്യബലികൾ അർപ്പിച്ചു. വൈകുന്നേരം സീറോ മലബാർ റീത്തിൽ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയർപ്പിച്ചു. നൊവേനയുമുണ്ടായി. ഫാ.സൈമൺ പീറ്റർ, ഫാ.ജോസഫ് അനിൽ, ഫാ.ജോസ് യേശുദാസ്, ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരിമാരായ ഫാ.ബിനോയി അബ്രഹാം, ഫാ.ബിബിൻ ബെനറ്റ് തുടങ്ങിയ വൈദികർ ദിവ്യബലികൾക്കും അനുബന്ധ തിരുകർമങ്ങൾക്കും കാർമികത്വം വഹിച്ചു.
ഒക്ടോബർ 20-ന് ഫാ.ലിബിൻ ജോസഫ് കോളരിക്കൽ, ഫാ. ജെർലിൻ ജോർജ്, ഫാ.അജിത്ത് ആന്റണി ഫെർണാണ്ടസ് എന്നീ വൈദികർ ആഘോഷമായ ദിവ്യബലിയർപ്പിക്കും. 21-ന് വൈകിട്ട് ആറിന ഫാ.ജിയോലിൻ എടേഴത്തും തിരുനാൾ സമാപനദിനമായ 22-ന ആറിന് കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയും ആഘോഷമായ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. 22-ന് ഉച്ചയോടെ തിരുനാൾ സമാപിക്കും.
