മുംബൈ :- ഇന്ത്യ ബ്രിട്ടനിൽ നിന്ന് ലൈറ്റ് വെയ്റ്റ് മിസൈലുകൾ വാങ്ങും. ഇതിനായി 46.8 കോടി ഡോളറിൻ്റെ (4155 കോടി രൂപ) പ്രതിരോധക്കരാർ മുംബൈയിൽ ഫിൻടെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും പ്രഖ്യാപിച്ചു. വടക്കൻ അയർലൻഡിൽ പ്രവർത്തിക്കുന്ന തേൽസാണ് മിസൈലുകൾ നിർമിക്കുന്നത്.
യുക്രൈന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അതേ പ്ലാൻ്റിലാകും ഇവയുടെ നിർമാണം. ഇന്ത്യക്ക് വൈവിധ്യമാർന്ന മിസൈലുകളുണ്ട്. എന്നാൽ ആധുനികവും ഭാരം കുറഞ്ഞതുമായ മൾട്ടിറോൾ മിസൈലുകൾ ഇന്ത്യൻ സൈന്യത്തിന് കരുത്താകുമെന്ന് വിലയിരുത്തുന്നു. നൂതന മിസൈൽ സാങ്കേതിക വിദ്യ പഠിക്കാനും പ്രാദേശികമായി നിർമിക്കാനുമുള്ള അവസരവും ഇത് ഇന്ത്യക്ക് നൽകും. നാവികസേനാ കപ്പലുകൾക്കുള്ള ഇലക്ട്രിക് എൻജിൻ സാങ്കേതികവിദ്യയിൽ പുതിയ കരാറും പ്രഖ്യാപിച്ചു.
