കണ്ണൂർ :- തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് കണ്ണൂർ സർവകലാശാല കാമ്പസിൽ നടത്തിയ പരിശോധ നയിൽ മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനത്തിന് പിഴ ചുമത്തി. കാമ്പസിലെ വിവിധ കെട്ടിടങ്ങളിലെ ജൈവ-അജൈവ മാലിന്യം വേർതിരിക്കാതെ മെയിൻ ബ്ലോക്കിന് സമീപമുള്ള കുഴിയിൽ തള്ളിയതായും തൊട്ടടുത്തുതന്നെ കത്തിച്ചതായും കണ്ടെത്തി. നേരത്തെ മാലിന്യം തള്ളാൻ ഉപയോഗിച്ചിരുന്ന കുഴി നിറഞ്ഞത് കാരണം അതിന് ചുറ്റുമായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
മാലിന്യത്തിൽ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായ പേപ്പർ കപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾ എന്നിവയൊപ്പം പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ളവ കൂടിക്കലർന്ന നിലയിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായകൾ സ്ഥലം കൈയടക്കിയ നിലയിലായിരുന്നു. കല്ലുകൊണ്ട് ഉണ്ടാക്കിയ പ്രത്യേക നിർമിതിയിൽ മാലിന്യം കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി. മുനിസിപ്പൽ ആക്ട് വകുപ്പ് 340 പ്രകാരം 5000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്മെന്റ് സംഘത്തിലെ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജിലി വളർപ്പൻകണ്ടിയിൽ, രേഷ്മാ രമേശൻ എന്നിവർ പങ്കടുത്തു.
