ന്യൂഡൽഹി :- രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ ഒൻപത് കുട്ടികൾ മരിച്ചതിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയത്. മരുന്നുപയോഗിക്കാതെ തന്നെ കുട്ടികളിലെ മിക്ക ചുമ രോഗങ്ങളും സ്വയം ഭേദമാകുന്നവയാണെന്നും നിർദേശത്തിൽ പറഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് പൊതുവേ ഈ മരുന്നുകൾ നൽകാറില്ല. അതിന് മുകളിലുള്ളവർ മരുന്ന് ഉപയോഗിക്കുമ്പോൾ ഡോസ് കൂടാതെയും മറ്റ് മരുന്നുകളോടൊപ്പം കഴിക്കാതെയും ശ്രദ്ദിക്കണമെന്നും നിർദേശമുണ്ട്.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ചുമമരുന്ന് കഴിച്ച് ഒമ്പത് കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചു. പത്ത് കുട്ടികൾ നിലവിൽ ചികിത്സയിലാണ്. 1400 കുട്ടികൾ രാജസ്ഥാനിൽ നിരീക്ഷണത്തിലാണ്. മരണകാരണം ചുമ മരുന്ന് കഴിച്ചതാകാമെന്നാണ് നിഗമനം. ഐസിഎംആർ ഉൾപ്പെടെയുള്ള വിശദമായ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
രാജസ്ഥാനിൽ ആശുപത്രികളിൽ ചുമ മരുന്ന് വിതരണം ചെയ്‌തിരുന്ന കെയ്‌സൺ ഫാർമ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനിയാണെന്ന് കണ്ടെത്തി. ഗുണ നിലവാരമില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നിരന്തരം പരാതി ഉയരുന്ന കമ്പനിയുടെ മരുന്നുകളാണ് ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്‌തിരുന്നത്. മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചുമ മരുന്നിൻ്റെ വിതരണവും വിപണനവും ആരോ ഗ്യവകുപ്പ് നിരോധിച്ചു.
കെയ്‌സൺ ഫാർമ കമ്പനി നിർമിക്കുന്ന ഡെക്സസ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സംയുക്തം അടങ്ങിയ കഫ് സിറപ്പ് കഴിച്ചാണ് കുട്ടികൾ മരിച്ചത്. 660 കുപ്പി മരുന്നുകൾ വാങ്ങിയതായി ഫാർമ കമ്പനി സ്ഥിരീകരിച്ചു. ഇതിൽ 594 കുപ്പികൾ ചിന്ദ്‌വാരയിലെ മൂന്ന് വിതരണക്കാർക്ക് കൈമാറി. 66 കുപ്പികൾ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. പതിനാറ് കുപ്പികൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള സ്റ്റോക്കുകളുടെ വിൽപ്പന നിരോധിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ സെപ്തംബർ 4 നും 26 നും ഇടയിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ആറ് കുട്ടികൾ മരിച്ചു. കുട്ടികൾക്ക് തുടക്കത്തിൽ ജലദോഷം, ചുമ, പനി എന്നിവ ഉണ്ടായിരുന്നു. അതിനുശേഷമാണ് കുട്ടികളുടെ വൃക്കകളെ രോഗം ബാധിക്കുകയും അവസ്ഥ വഷളാവുകയും ചെയ്‌തതെന്ന് രോഗം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ പറയുന്നു.
