ന്യൂഡൽഹി :- കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) ആനുകൂല്യം കേരളത്തിൽ 7694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും കൈപ്പറ്റിയതായി കണ്ടെത്തി. ഇതിനുപുറമെ പ്രായപൂർത്തി യാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 പേരും ആനൂകൂല്യം കൈപ്പറ്റിയെന്നും സംസ്‌ഥാനം കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രാലയം സംസ്‌ഥാനങ്ങളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റും പദ്ധതിയുടെ തുടക്കത്തിൽ ആളുകളെ ഉൾപ്പെടുത്തിയതാകാം ക്രമക്കേടിന് ഇടയാക്കിയതെന്നാണു വിശദീകരണം.
അനർഹർ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയ ഉടൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നടപടിയെടുത്തെന്നു സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചു. അനർഹരിൽ നിന്നു തുക തിരിച്ചു പിടിച്ചു കേന്ദ്രത്തിനു കൈമാറാനുള്ള നടപടികൾ തുടങ്ങിയെന്നും അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട കർഷക കുടുംബങ്ങളിൽ 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒന്നിലധികം പേർ ആനുകൂല്യം കൈപ്പറ്റുന്നതായി കേന്ദ്രം കണ്ടെത്തിയിരുന്നു.
