ഇത് രാജ്യത്തിന് മാതൃക ; കേരളത്തിന്റെ ബയോ ഇക്കോണമി 8.24 ബില്യണ്‍ ഡോളര്‍ പിന്നിട്ടു; 12 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക്


തിരുവനന്തപുരം :- കേരളത്തിന്റെ ബയോ ഇക്കോണമി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിനു വേണ്ടി അസോസിയേഷന്‍ ഓഫ് ബയോടെക്‌നോളജി ലെഡ് എന്റര്‍പ്രൈസസ് (ABLE) തയ്യാറാക്കിയ കേരള ബയോ ഇക്കോണമി റിപ്പോര്‍ട്ട് 2025ലാണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന കേരളത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാണിക്കുന്നത്. 2022-ല്‍ 6.25 ബില്യണ്‍ ഡോളറായിരുന്ന ഈ മേഖലയുടെ മൂല്യം, 2024 ല്‍ 7.54 ബില്യണായും 2025-ല്‍ 8.24 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. 12 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ബയോ ഇക്കോണമിയുടെ വിഹിതം മൂന്നു വര്‍ഷത്തിനുള്ളില്‍ 3.96 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഐടി, ഹെല്‍ത്ത്കെയര്‍, ടൂറിസം, പ്രവാസി വരുമാനം തുടങ്ങിയവയ്‌ക്കൊപ്പം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി ബയോ ഇക്കോണമി മാറിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉപകമ്പനിയായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്തു സംഘടിപ്പിക്കുന്ന ബയോ കണക്ട് 3.0 യുടെ വേദിയില്‍വച്ച് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കി. സംസ്ഥാനത്തിന്റെ ബയോ ഇക്കോണമി വളര്‍ച്ചയിലെ ഏറ്റവും നിര്‍ണായക ഘടകമാകുന്നത് ബയോ ഫാര്‍മ മേഖലയാണ്. ആകെ മൂല്യത്തിന്റെ 44 ശതമാനവും ബയോ ഫാര്‍മ മേഖലയില്‍ നിന്നാണ്. ശക്തമായ ഗവേഷണ- ഉത്പാദന ശേഷിയുടെ അടിസ്ഥാനത്തില്‍ വളരുന്ന ആയുര്‍വേദം, ന്യൂട്രാസ്യൂട്ടിക്കല്‍സ്, മെഡ്‌ടെക് മേഖലകളാണ് ബയോ ഫാര്‍മ മേഖലയുടെ നട്ടെല്ല്.

ബയോ ഇക്കോണമി വളര്‍ച്ചയില്‍ ആകെ മൂല്യത്തിന്റഎ 35 ശതമാനം കൈയ്യാളുന്ന ബയോ ഇന്‍ഡസ്ട്രി മേഖലയാണ് രണ്ടാം സ്ഥാനത്ത്. ബയോഫ്യൂവല്‍, ഫെര്‍മെന്റേഷന്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍, മാരിടൈം പ്രോസസ്സിംഗ്, മദ്യം ഉത്പാദനം തുടങ്ങിയ വ്യവസായങ്ങള്‍ മേഖലയ്ക്ക് കരുത്തുപകരുന്നു. പരമ്പരാഗതമായ റബ്ബര്‍, കയര്‍, ജൈവകൃഷി എന്നിവ ബയോ അഗ്രി മേഖലയെ നിലനിര്‍ത്തുമ്പോള്‍, ഡയഗ്‌നോസ്റ്റിക്‌സ്, ഗവേഷണം, ലൈഫ് സയന്‍സ് സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബയോ സര്‍വീസസ് മേഖലയും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മുതല്‍ 2025 വരെ 35.8 മില്യണ്‍ ഡോളറിലധികം സ്വകാര്യ നിക്ഷേപം ആരോഗ്യ, ലൈഫ് സയന്‍സ് മേഖലയില്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.



Previous Post Next Post