ലോകം കയ്യടക്കി ഇന്ത്യൻ ഐഫോൺ ; ആറ് മാസത്തിനുള്ളിൽ 88,700 കോടി രൂപയുടെ കയറ്റുമതി


ബെംഗളൂരു :- ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ ചരിത്രം സൃഷ്ടിച്ച് ആപ്പിൾ. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറിൽ എത്തി എന്നാണ് കണക്കുകൾ. ഏകദേശം 88,700 കോടി രൂപയോളം വരുമിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.71 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 75 ശതമാനം വർധനവാണ്. സെപ്റ്റംബറിൽ കയറ്റുമതിയിൽ വൻ വർധനവുണ്ടായി. 1.25 ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ 490 മില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 155 ശതമാനം വർധനവാണ്.

എല്ലാ ഐഫോൺ മോഡലുകളും കയറ്റുമതിയിൽ

ഇപ്പോൾ പ്രോ, പ്രോ മാക്‌സ്, എയർ എന്നിവയുൾപ്പെടെയുള്ള എല്ലാ ഐഫോൺ മോഡലുകളും ആപ്പിൾ ഇന്ത്യയിൽ നിന്ന് നേരിട്ട് അന്താരാഷ്ട്ര വിപണികളിലേക്ക് ഷിപ്പ് ചെയ്യുന്നു. മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച പ്രോ മോഡലുകൾ അന്താരാഷ്ട്ര വിപണികളിൽ എത്താൻ നിരവധി മാസങ്ങൾ എടുത്തിരുന്നു. ആപ്പിളിന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വളർച്ചയെ പ്രധാനമായും നയിക്കുന്നത് രണ്ട് പുതിയ ഫാക്‌ടറികളാണ്. ടാറ്റ ഇലക്ട്രോണിക്സസിൻ്റെ ഹൊസൂർ പ്ലാന്റും ഫോക്സ്സ്കോണിന്റെ ബെംഗളൂരു യൂണിറ്റും. ഈ ഫാക്‌ടറികൾ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ ഐഫോൺ ഫാക്‌ടറികളുടെ എണ്ണം അഞ്ചായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയിലെ അതിന്റെ വെണ്ടർമാർ വഴി 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ നിർമ്മിച്ചു. അതിൽ 17.5 ബില്യൺ ഡോളർ മൂല്യം വരുന്ന, അതായത് 80 ശതമാനം ഐഫോണുകളും കയറ്റുമതി ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ ഐഫോൺ ഉത്പാദനം രണ്ട് ബില്യൺ ഡോളർ മാത്രമായിരുന്ന സ്ഥാനത്താണ് ഈ വളർച്ച. അത് 2025 സാമ്പത്തിക വർഷത്തോടെ 22 ബില്യൺ ഡോളറായി വർധിച്ചു.

മുൻ വർഷത്തെ കണക്കുകൾ

ഇന്ത്യയിൽ നിന്ന് ആപ്പിളിന് ഉൽപ്പാദനവും കയറ്റുമതിയും കൂടുതൽ വർധിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഇത് അന്താരാഷ്ട്ര വ്യാപാര നയങ്ങളെയും യുഎസ് താരിഫുകളെയും ആശ്രയിച്ചിരിക്കും. ഐസിഇഎയുടെ കണക്കനുസരിച്ച്, 2025 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള സ്മ‌ാർട്ട്ഫോൺ കയറ്റുമതി 8.43 ബില്യൺ ഡോളറായിരുന്നു. മുൻ വർഷം ഇത് വെറും 2.88 ബില്യൺ ഡോളറായിരുന്നു. ഇന്ത്യ അതിവേഗം ഒരു ആഗോള സ്മ‌ാർട്ട്ഫോൺ നിർമ്മാണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകൾ കാണിക്കുന്നു.

Previous Post Next Post