കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരിൽ കേരളത്തിൽ നിന്ന് 991 പേർക്കുകൂടി അടുത്ത ഹജ് തീർഥാടനത്തിന് അവസരം. കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പർ 3792 മുതൽ 4782 വരെയുള്ളവർക്കാണ് അവസരം. ഈ മാസം 31ന് അകം രണ്ടു ഗഡു തുക ഉൾപ്പെടെ 2,77,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ ഇൻ സ്‌ലീപ് ഉപയോഗിച്ച്, എസ്ബിഐയുടെയോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ യോ ബ്രാഞ്ചുകളിലോ ഓൺലൈൻ ആയോ പണം അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ നവംബർ അഞ്ചിന് അകം ഓൺലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കുകയോ വേണം. അടുത്ത ഹജ് തീർഥാടനത്തിന് ഹജ് കമ്മിറ്റി മുഖേന തിരഞ്ഞെടുത്തവർ രണ്ടാം ഗഡു 1,25,000 രൂപ അടയ്ക്കണം. അവസാന തീയതി ഈ മാസം 31.
ഹജ് തീർഥാടനത്തിന് ഇത്തവണ അവസരം ലഭിച്ച പുരുഷന്മാരുടെ അടുത്ത ബന്ധത്തിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാനായി 500 മെഹ്റം സീറ്റുകൾ അനുവദിച്ചു. ഈ മാസം 31 വരെ അപേക്ഷിക്കാം. ഹജ് തീർഥാടനത്തിനു കൂടെ കൊണ്ടുപോകാൻ അനുവാദമുള്ള പുരുഷന് ഇത്തവണ അവസരം ലഭിക്കുകയും സ്ത്രീ അപേക്ഷിക്കാതിരിക്കുകയും വേണം. രാജ്യത്താകെ 500 സീറ്റുകളാ ണ് അനുവദിച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അപേക്ഷകർ ജീവിതത്തിൽ ഹജ് നിർവഹിച്ചവർ ആകരുത്. ഓൺലൈൻ ആയി അപേക്ഷിക്കാം. (www.hajcommittee.gov.in) ഒരു കവറിൽ പരമാവധി അഞ്ചു പേർക്കാണ് അവസരം എന്നതിനാൽ നിലവിൽ അഞ്ചു പേരുള്ള കവറിൽ മെഹ്റം കോട്ടയിൽ അപേക്ഷിക്കാനാകില്ല.
