അയ്യനെ കണ്ട് ! ഇരുമുടിക്കെട്ടുമായി ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപതി മുർമു


പത്തനംതിട്ട :- രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെട്ടു നിറച്ചതിന് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്‌ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടർന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.

നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടർന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്ണ‌ൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

പൊലീസിന്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.

Previous Post Next Post