ബീച്ച് ടൂറിസം വികസനം ; പയ്യാമ്പലം ബീച്ചിൽ 'വാട്ടർ സ്പോർട്സ് ' എത്തുന്നു


കണ്ണൂർ :- ജല ടൂറിസം വികസനത്തിന് പദ്ധതികളുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ജില്ലയിൽ ആദ്യഘട്ടത്തിൽ പയ്യാമ്പലം ബീച്ചിൽ വാട്ടർ സ്പോർട്സ് ആരംഭിക്കും. ജില്ലയുടെ ബീച്ച് ടൂറിസം വികസനത്തിനു കുതിപ്പേകാൻ പദ്ധതി കൊണ്ട് കഴിയുമെന്നാണ് ജില്ലാ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. ബോട്ടുകൾ, വാട്ടർ സ്പോർട്സ് റൈഡുകൾ, പാരാസെയ് ലിങ്, വാട്ടർ സ്കീയിങ്-പവർ ബോട്ട് ഫൺ റൈഡ്, ജെറ്റ് സ്കൈ, വാട്ടർ ക്രാഫ്റ്റ്, കയാക്കിങ് ആൻഡ് കനോയിങ്, സ്കൂബ ഡൈവിങ്, വൈറ്റ് വാട്ടർ റാഫ്റ്റിങ് ആൻഡ് കയാക്കിങ്, ബാംബൂ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് ആൻഡ് ഹാങ് ഗ്ലൈഡിങ് എന്നിവ സജ്ജമാക്കും. പയ്യാമ്പലത്ത് വാട്ടർ സ്പോർട്‌സിനു പിന്നാലെ മറ്റ് ബീച്ചുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു ഡിടിപിസിയുടെ ലക്ഷ്യം.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അംഗീകാരത്തോടെയാണു പദ്ധതി നടപ്പാക്കുക. സുരക്ഷാ സംവിധാനങ്ങളുടെ പരിശോധനയിൽ വിജയിക്കുന്നവർക്ക് പദ്ധതി ഏറ്റെടുത്തു നടത്താം. ബോട്ട് സർവീസിന് തുറമുഖ വകുപ്പിൻ്റെ അനുമതി വേണം. ജല അപകട രക്ഷാപ്രവർത്തനത്തി നായി വാട്ടർ സ്കൂട്ടർ ബീച്ചിലുണ്ടാകും. കൃത്യമായ പരിശീലനം ലഭിച്ചവർ ഉണ്ടെങ്കിൽ മാത്രമേ പദ്ധതി ഏറ്റെടുത്തു നടത്താൻ അനുമതി നൽകൂ.

ബോട്ടിനു ലൈസൻസ് വേണം. അപകടം സംഭവിച്ചാൽ യാത്രക്കാരന് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വേണം. ഈ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. വാട്ടർ സ്പോർട്സ് റൈഡുകളായ ബനാന റെയ്ഡ്, വാട്ടർ സട്ടർ, പാരാസെയ്ലിങ് എന്നിവ നേരത്തേ പയ്യാമ്പലത്ത് ഉണ്ടായിരുന്നെങ്കിലും ഇവയ്ക്ക് ആവശ്യമായ വിദഗ്ദ പരിശീലകന്റെ അഭാവം തടസ്സമായി. നിബന്ധന കർശനമാക്കിയതോടെ ലാഭകരമല്ലെന്നു പറഞ്ഞ് കരാറുകാരൻ പദ്ധതി നിർത്തുകയായിരുന്നു.

Previous Post Next Post