കമ്പിൽ :- വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. വെള്ളപ്പൊക്ക ഭീതി നേരിടുന്ന കമ്പിൽക്കടവ് അങ്കണവാടിക്ക് പുതിയ കെട്ടിടമുയരും. വളപട്ടണം പുഴയിൽ നിന്ന് വെറും രണ്ട് മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന നിലവിലെ അങ്കണവാടി 2018ലെ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. രണ്ട് വർഷത്തിലധികം ഈ അങ്കണവാടി അടച്ചിട്ട നിലയിലായിരുന്നു. പ്രളയത്തിന് മുമ്പ് മുപ്പതിലധികം കുട്ടികൾ പഠിച്ചിരുന്ന അങ്കണവാടി പിന്നീട് താൽക്കാലിക കേന്ദ്രങ്ങളിൽ പ്രവർത്തിച്ച് വരികയാണ്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് അങ്കണവാടി തുടരുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്കയുണ്ടാക്കിയിരുന്നു.
സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാവശ്യമായ ശ്രമങ്ങൾ വർഷങ്ങളായി നടന്നുവെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാതെ പുതിയ കെട്ടിടമെന്ന സ്വപ്നവും അനിശ്ചിതത്വത്തിലായി. തുടർന്ന് പ്രദേശത്തെ വർഷങ്ങളായി ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത ഭൂമി ഏറ്റെടുക്കാൻ വാർഡംഗം നിസാർ കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയമായി അവതരിപ്പിച്ചതിനെ തുടർന്ന് തദ്ദേശസ്വയംഭരണം വകുപ്പ് സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകുകയായിരുന്നു. നിലവിലെ അങ്കണവാടി കെട്ടിടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് കെട്ടിടത്തിനായി കണ്ടെത്തിയ സ്ഥലം. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ അങ്കണവാടി നിർമിക്കാനാണ് തീരുമാനം.
3.60 സെന്റ് വിസ്തൃതി വരുന്ന ഏറ്റെടുത്തിട്ടുണ്ട്. അങ്കണവാടി നിർമിക്കാൻ ഏറ്റെടുത്ത സ്ഥലം മുൻ എംഎൽഎ സി.പി മൂസാൻകുട്ടിയുടേതാണ്. അങ്കണവാടി നിർമാണത്തിന് ഭൂമി നൽകാൻ മൂസാൻ കുട്ടിയുടെ കുടുംബം തയ്യാറാണെന്ന് വാർഡംഗം അറിയിച്ചു. 2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അടുത്ത ദിവസം തന്നെ അങ്കണവാടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വാർഡംഗം എൽ.നിസാർ പറഞ്ഞു. പ്രദേശത്തെ മറ്റ് അങ്കണവാടികൾ മൂന്ന് കിലോമീറ്റർ അകലെയായതിനാൽ ഈ അങ്കണവാടിയുടെ നിലനിൽപ്പിന് നാട്ടുകാരും പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ ഭൂമിയ പഠനാന്തരീക്ഷം ലഭിക്കുന്നതിലെ ആഹ്ലാദത്തിലാണ് നാട്.
