ഇങ്ങനെയൊക്കെ ചെയ്യാമോ ! ദീപാവലി മധുരം കിട്ടാത്തതിൽ പണിമുടക്കി പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ


കൊച്ചി :- ദീപാവലി മധുരം കിട്ടാത്തതിന് ട്രക്ക് ഡ്രൈവർമാർ മിന്നൽപണിമുടക്ക് നടത്തിയതോടെ ബിപിസിഎൽ എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ സിലിണ്ടർ നീക്കം നിലച്ചു. ഇന്നലെ ഉച്ചവരെയുള്ള സിലിണ്ടർ നീക്കമാണു നിലച്ചത്. സ്ഥിരം ജീവനക്കാർക്കും കയറ്റിറക്കു തൊഴിലാളികൾക്കും അധികൃതർ മധുര പലഹാരപ്പെട്ടി വിതരണം ചെയ്തിരുന്നു. ഇതു ട്രക്ക് ഡ്രൈവർമാർക്കു ലഭിച്ചില്ല. ഇതോടെയാണ് തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചു ഡ്രൈവർ മാർ രാവിലെ 6 മുതലുള്ള ഷിഫ്റ്റിൽ പണിമുടക്കിയത്.

രാവിലെ 9 കഴിഞ്ഞും പരിഹാരമാകാതെ വന്നതോടെ കയറ്റിറക്കു തൊഴിലാളികൾ തിരിച്ചുപോയി. 6 ജില്ലകളിലേക്കുള്ള സിലി ണ്ടർ നീക്കം ഏറെനേരം നിലച്ചു. ഉച്ചയോടെയാണു പ്രശ്നപരിഹാരമായത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതു അവധി മൂലം സിലിണ്ടർ നീക്കം നടന്നിരുന്നില്ല. ഇന്നലെ പണിമുടക്കു കൂടിയായതോടെ പല ജില്ലകളിലും പാചകവാതക ക്ഷാമം രൂക്ഷമായി. ബിപിസിഎൽ അധികൃതർ സംഭവത്തിൽ പ്രതികരിക്കാൻ തയാറായില്ല.

Previous Post Next Post