കണ്ണാടിപ്പറമ്പ് :- ധർമ്മശാസ്താ ക്ഷേത്രത്തിൽ പാട്ടുത്സവത്തിന് തുടക്കമായി. ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന അരി അളവോടെ പാട്ടുത്സവം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം ഉഷപ്പാട്ട്, തുടർന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകപൂജ, നവകാഭിഷേകം, ഉച്ച:പൂജ, ഉച്ചപ്പാട്ട്, വടക്കേ കാവിൽ കലശം എന്നിവ നടന്നു.
വൈകുന്നേരം 5 മണി മുതൽ മരുതായി കരിയിൽ സതീശൻ നമ്പ്യാരുടെ നേതൃത്വത്തിൽ പ്രകൃതിദത്ത വർണങ്ങളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുവപ്പ് പൊടി, വാകപ്പൊടി എന്നിവ ഉപയോഗിച്ച് ശ്രീധർമ്മശാസ്താ രൂപം കളം വരയുന്നു. അത്താഴപ്പൂജയ്ക്ക് ശേഷം പാട്ടുതറയിലേക്ക് തിരുവായുധമെഴുന്നള്ളത്തും നാഗപ്പാട്ടും തിരിച്ചെഴുന്നെള്ളത്തിന് ശേഷം മേള പ്രദക്ഷിണം, കളം പൂജ, കളം മായ്ക്കൽ, കളത്തിലരി ചടങ്ങോടെ പാട്ടുത്സവത്തിന് സമാപനമാകും. വടക്കേ മലബാറിൽ പാട്ടുത്സവ കാലത്തിന് തുടക്കം കുറിക്കുന്നത് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ്.
