ന്യൂഡൽഹി :- രാജ്യത്തെ ഓൺലൈൻ ഗെയിമിങ് രംഗം നിയന്ത്രിക്കാനായി 'ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ' വരുന്നു. പണ സമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ പൂർണമായും നിരോധിക്കാനുള്ള നിയമവുമായി ബന്ധപ്പെട്ട കരടുചട്ടം കേന്ദ്രം ഐടി മന്ത്രാലയം പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു. പുതിയ നിയമം നിലവിൽ വരുന്നതോടെ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഡ്രീം11 പോലെയുള്ള ഓൺലൈൻ മണി ഗെയിമുകൾ പൂർണമായും നിരോധിക്കപ്പെടും. വാതുവയ്പ്പും മറ്റും ഉൾപ്പെടാത്ത ഓൺലൈൻ സോഷ്യൽ ഗെയിമുകളും ഇ-സ്പോർട്സും ഡൽഹി ആസ്ഥാനമായി വരുന്ന പുതിയ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. റജിസ്ട്രേഷനില്ലാത്തവയ്ക്കു പ്രവർത്തിക്കാനാവില്ല.
നിശ്ചിത സ്പോർട്‌സ് ഫെഡറേഷനുകളുടെ അംഗീകാരമുള്ളതും ഗെയിം കളിക്കുന്നവരുടെ സ്കില്ലുകൾ അടിസ്ഥാനമാക്കിയുള്ളതുമാണ് ഇ-സ്പോർസ്. ഉപയോക്താക്കളുടെ പരാതി പരിഹാരത്തിന് ത്രിതലസംവിധാനവും വരും. ഗെയിമുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനായി കമ്പനികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ പോലെ പരാതി പരിഹാര ഓഫിസറെ നിയമിക്കണം. ഈ പരാതി നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ ഗ്രീവൻസ് അപ്ലറ്റ് അതോറിറ്റിയെ സമീപിക്കാം. അവിടെയും പരിഹാരമുണ്ടായില്ലെങ്കിൽ ഓൺലൈൻ ഗെയിമിങ് അതോറിറ്റിയിലേക്കു നീങ്ങാം. അപ്ലറ്റ് അതോറ്റിറ്റിയുടെയും ഗെയിമിങ് അതോറിറ്റിയുടെയും തീരുമാനങ്ങൾ കമ്പനികൾക്കു ബാധ്യസ്ഥമായിരിക്കും. നിയമം പ്രാബല്യത്തിലാകുന്ന തീയതി വിജ്ഞാപനം ചെയ്തിട്ടില്ല.
