കാപ്പിയിൽ കുതിച്ച് ഇന്ത്യ ; 17,000 കോടി രൂപ കടന്ന് കയറ്റുമതി


കൊച്ചി :- രാജ്യത്തെ കാപ്പി കയറ്റുമതിയുടെ മൂല്യം 17,000 കോടി രൂപ കടന്നു. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2025 കലണ്ടർ വർഷം ഇതുവരെ (ഡിസംബർ 16 വരെ) 17,106 കോടി രൂപയുടെ കാപ്പിയാണ് ഇന്ത്യ കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവിലെ 13,624 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിലധികമാണ് കയറ്റുമതി മൂല്യത്തിലുണ്ടായ വർധന. പ്രധാന കാപ്പി ഉത്പാദകരായ ബ്രസീലിലേയും വിയറ്റ്നാമിലേയും പ്രതികൂല കാലാവസ്ഥ വിതരണ ശൃംഖലയെ ബാധിച്ചതുമൂലം ആഗോള വിപണിയിൽ കാപ്പി വില ഉയർന്നിരുന്നു. ഇക്കാരണത്താലാണ് രാജ്യത്തെ കാപ്പി കയറ്റുമതിയുടെ മൂല്യം കുതിച്ചുയർന്നത്. എന്നാൽ, ഈ കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്ത കാപ്പിയുടെ അളവിൽ ഇടിവുണ്ടായി. പ്രധാന വിപണിയായ യൂറോപ്പിലെ ഒരു വിഭാഗം രാജ്യങ്ങൾ ഇന്ത്യൻ കാപ്പിയേക്കാൾ വിലകുറഞ്ഞ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചതാണ് ഇതിന് കാരണം. 

2025 ഡിസംബർ 16 വരെയുള്ള കാപ്പി കയറ്റുമതിയുടെ അളവ് ആറ് ശതമാനം കുറഞ്ഞ് 3.66 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 3.91 ലക്ഷം ടണ്ണായിരുന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉത്പാദക രാജ്യമായ ഇന്ത്യ, കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യൻ കാപ്പിയുടെ കൂടിയ പങ്കും ഇറ്റലിയിലേക്കാണ് (18 ശതമാനം) കയറ്റുമതി ചെയ്യുന്നത്. ജർമനി, ബെൽജിയം, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. രാജ്യത്ത് കാപ്പി ഉത്പാദനത്തിൽ രണ്ടാമതുള്ള കേരളത്തിൽ 2025-26 സാമ്പത്തികവർഷം 85,150 ടൺ (കാപ്പി പൂവിട്ടതിന് ശേഷമുള്ള കണക്ക്) കാപ്പി ഉത്പാദിപ്പിക്കുമെന്നാണ് കോഫി ബോർഡിൻ്റെ കണക്ക്. ഇതിൽ 83,000 ടൺ റോബസ്റ്റയാണ്. കാപ്പി ഉത്പാദനത്തിൽ ഒന്നാമതുള്ള കർണാടക 2.80 ലക്ഷം ടൺ കാപ്പി ഉത്പാദിപ്പിക്കുമെന്നാണ് അനുമാനം.

Previous Post Next Post