കുളമ്പുരോഗവും ചർമമുഴയും തടയാൻ വിപുലമായ സംവിധാനങ്ങൾ ; 19,166 സ്ക്വാഡുകൾ വീടുകളിലെത്തി കന്നുകാലികൾക്ക് കുത്തിവെയ്പ്പ് നൽകും


കണ്ണൂർ :- കന്നുകാലികളെ ബാധിക്കുന്ന കുളമ്പുരോഗം (ഫുട്ട് ആൻഡ് മൗത്ത് ഡിസീസ്), ചർമമുഴ എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പിന് ഒരുക്കിയത് വിപുലമായ സംവിധാനങ്ങൾ. രണ്ട് വൈറസ് രോഗങ്ങളും കന്നുകാലികളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയെയും ബാധിക്കുമെന്നതിനാലാണ് തീവ്ര ശ്രമം നടത്തുന്നത്. സംസ്ഥാനത്ത് 19,166 സ്ക്വാഡുകൾ കർഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നൽകും. ഒരു വാക്സിനേറ്ററും സഹായിയും സംഘത്തിലുണ്ടാകും. ദിവസം ചുരുങ്ങിയത് 25 ഉരുക്കൾക്ക് കുത്തിവെപ്പ് നൽകണമെന്നാണ് നിർദേശം. 13 ലക്ഷത്തിലധികം പശു/ കാള, ഒരുലക്ഷത്തിലധികം എരുമ/പോത്ത് എന്നിവയ്ക്കാണ് കുത്തി വെപ്പ് നൽകേണ്ടത്. കുളമ്പു രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പിനായി 10 ലക്ഷം ഡോസ് വാക്സിനാണ് ശേഖരിച്ചിട്ടുള്ളത്.

ചർമമുഴയെതിരായ കുത്തിവെപ്പിന് 9.95 ലക്ഷം ഡോസ് വാക്സിനും പശു/കാള എന്നിവയ്ക്ക് രണ്ട് കുത്തിവെപ്പുകളും നൽകും. എരുമ/പോത്ത് എന്നിവയ്ക്ക് കുളമ്പുരോഗ പ്രതിരോധ വാക്സിൻ മാത്രം. നാലുമാസത്തിന് മുകളിലുള്ള ആരോഗ്യമുള്ള എല്ലാ കന്നുകാലികൾക്കും കുത്തിവെപ്പ് നൽകും. കുത്തിവെപ്പ് നൽകിയവയെ ചെവിയിൽ ടാഗ് ചെയ്യും. വാക്സിനേഷൻ വിവരങ്ങൾ ഭാരത് പശുധൻ പോർട്ടലിൽ നൽകണം. 28 ദിവസം കഴിഞ്ഞ് കുളമ്പു രോഗത്തിൻ്റെ ബൂസ്റ്റർ ഡോസ് നൽകും. മൃഗ സംരക്ഷണ വകുപ്പ്, ക്ഷീരവികസനവകുപ്പ്, ക്ഷീരസംഘങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. തീവ്രതയോടെ വന്നാൽ കർഷകർക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന രോഗങ്ങളാണിത്. കുളമ്പുരോഗം വന്നാൽ പാലുത്പാ ദനം 30 ശതമാനത്തിലധികം കുറയും. 10 ലിറ്റർ പാൽ ചുരത്തുന്നത് ആറോ ഏഴോ ലിറ്ററായി ചുരുങ്ങും. ഗർഭം അലസും. വന്ധ്യത വരാം. കന്നുകുട്ടികളിലെ മരണനിരക്ക് കൂടും. മറ്റ് രോഗങ്ങൾക്കും സാധ്യത കൂടും. ചർമമുഴ കാരണവും പാൽ ഉത്പാദനം 10 ശതമാനം വരെ കുറയാം.

സുരക്ഷിതമാണ് കുത്തിവെപ്പ് പ്രതിരോധ കുത്തിവെപ്പെടു ത്താൽ പാൽ ഉത്പാദനം കുറയുമെന്ന തെറ്റായ ചിന്ത ചിലർക്കുണ്ട്. ഇത് വാസ്തവമല്ല. വാക്സിന്റെ പ്രവർത്തനത്താൽ പാൽ ലഭ്യതയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ചെറിയ വ്യത്യാസം കണ്ടേക്കാം. എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ മാരകരോഗ ത്തെ ചെറുക്കാനുള്ള പ്രതിരോധ ശേഷി കൈവരും. ക്ഷീരമേഖലയിൽ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളായതിനാൽ കന്നുകാലികൾക്ക് വാക്സിൻ ഉറപ്പാക്കണം. ലൈസൻസുകൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പെടുക്കൽ നിർബന്ധമാണ്. എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുകയാണെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകും.

Previous Post Next Post