ശബരിമല :- തീർഥാടനകാലത്ത് ഒരു മാസത്തെ വരുമാനം 210 കോടി രൂപയായി ഉയർന്നു. ഇതിൽ 106 കോടി രൂപ അരവാണ വിറ്റുവരവാണ്. അരവണയ്ക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും വിൽപനയക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 20 ടിൻ അരവണയേ നൽകൂ. മണ്ഡലപൂജയ്ക്ക് ശേഷം 27ന് ക്ഷേത്രനട അടയ്ക്കും. പിന്നെ മകരവിളക്ക് തീർഥാടനത്തിനായി 30ന് തുറക്കും.
നട അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ കൂടുതൽ അരവണതയാറാക്കിവയ്ക്കും. 45 ലക്ഷം ടിൻ അരവണ ശേഖരവുമായാണ് ഇത്തവണ തീർഥാടനം തുടങ്ങിയത്. 3.5 ലക്ഷം ടിൻ വിൽപനയാണ് ഒരു ദിവസം പ്രതീക്ഷിച്ചത്. എന്നാൽ, ശരാശരി 4.5 ലക്ഷം ടിൻ വിറ്റു. ദർശനത്തിന് ഇന്നലെ വലിയ തിരക്ക് ഇല്ലായിരുന്നു. വൈകുന്നേരം 4 വരെ 56,774 പേർ ദർശനം നടത്തി. അതിൽ 7179 പേർ സ്പോട്ട് ബുക്കിങ് വഴി എത്തിയതാണ്.
