അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തദ്ദേശ ഭരണ സെക്രട്ടറിമാർക്ക് പോലീസിന്റെ സഹായം തേടാം ; സഹകരിച്ചില്ലെങ്കിൽ നടപടിയെന്ന് ഹൈക്കോടതി


കൊച്ചി :- അനധികൃത ബോർഡുകൾ കൊടികൾ, തോരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാർ സഹായം ആവശ്യപ്പെട്ടാൽ പോലീസുൾപ്പെടെയുള്ള അധികൃതർ ഉടൻ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യം നിഷേധിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കാൻ തയാറാണെങ്കിലും ഭീഷണിയും കയ്യേറ്റവും ഉൾപ്പെടെ നേരിടുന്നുണ്ടെന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ വെൽഫെയർ അസോസിയേഷൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റ‌ിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകളിലുൾപ്പെടെ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. 

വൈദ്യുതി ബോർഡിന്റെയും ടെലിഫോൺ വകുപ്പിന്റെയും സഹകരണം ലഭിച്ചില്ലെങ്കിൽ പൂർണ നടപടിയെടുക്കാനാവില്ലെന്നും അസോസിയേഷൻ അറിയിച്ചിരുന്നു. തുടർന്നാണ് പോലീസിനുൾപ്പെടെ കോടതി നിർദേശം നൽകിയത്. കോടതി ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. മതസാംസ്കാരിക സ്‌ഥാപനങ്ങൾ, സിനിമ മേഖല തുടങ്ങിയവയ്ക്കും അനധികൃത കൊടികളും ബോർഡുകളും സംബന്ധിച്ച ഉത്തരവ് ബാധകമാണെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യം അധികൃതർ ശ്രദ്ധിക്കണം. അനധികൃത ബോർഡുകൾ ക്കും കൊടികൾക്കുമെതിരെ തിരഞ്ഞെടുപ്പിനു മുൻപേ കോടതി കർശന നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടി റി പ്പോർട്ട് നൽകാൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സമയം തേടി. ഹർജി 14 ന് വീണ്ടും പരിഗണിക്കും.

Previous Post Next Post