ADM നവീൻ ബാബുവിൻ്റെ മരണം ; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ, ഹർജിയിൽ ജനുവരി 19 ന് വാദം തുടങ്ങും


കണ്ണൂർ :- കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. എസിപിയായിരുന്ന ടികെ രത്നകുമാർ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന് 2024 ഒക്ടോബർ 14 ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥർ നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗം. ദിവ്യയുടെ വാക്കുകളാണ് നവീൻ ബാബുവിന്റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. 

രാത്രി 8.45 ന് മലബാർ എക്സസ്പ്രസിൽ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീൻ ബാബു, കണ്ണൂർ റയിൽവെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിൻ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സിൽ ഡ്രൈവർ എത്തിയപ്പോൾ കണ്ടത് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമർശം അപ്പോഴേക്കും നാടെങ്ങും പടർന്നിരുന്നു. രണ്ടാംനാൾ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മർദത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു.

Previous Post Next Post