കോഴിക്കോട് :- കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ഉണ്ണി വേങ്ങേരി പരാതിയിൽ ആരോപിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറയുന്നു.
ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ചാണകം തളിച്ച് ശുദ്ധികലശം നടത്തിയെന്നാരോപിച്ച് ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 14 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
