തിരുവനന്തപുരം :- കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തിൽ എത്തിയത്. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സമവായം എത്താത്ത സാഹചര്യത്തിൽ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരും ഗവർണറും യോജിപ്പിൽ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്.
