കുന്നത്തൂർപാടി തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും


ശ്രീകണ്ഠാപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം 17 മുതൽ ജനുവരി 15 വരെ നടക്കും. 17-ന് രാവിലെ മുതൽ താഴെ മടപ്പുരയിൽ തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ശുദ്ധി, വാസ്തുബലി, ഭഗവതിസേവ ചടങ്ങുകൾ. തുടർന്ന് കളിക്കപ്പാട്ടോടെ പാടിയിൽ പ്രവേശിക്കും. തുടർന്ന് തന്ത്രിയുടെ കാർമികത്വത്തിൽ ശുദ്ധി, 25 കലശപൂജ എന്നിവ നടക്കും. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തിരം തുടങ്ങും.

രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളെ പ്രതിനിധാനം ചെയ്തുള്ള കെട്ടിയാട്ടം. മറ്റ് ദിവസങ്ങളിൽ വൈകീ ട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം. ചില ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുണ്ടാകും. ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ മടപ്പുരക്ക് സമീപത്തെ ഊട്ടുപുരയിൽ അന്നദാനമുണ്ടാകും. ഉത്സവ ത്തെ പരിസ്ഥിതി സൗഹൃദമാക്കാൻ പഞ്ചായത്തിന്റെയും വനംവകുപ്പിൻ്റെയും നിർദേശപ്രകാരം പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്.

Previous Post Next Post