കോഴിക്കോട് :- മലയാളത്തിന് കാലാതീതമായ സർഗപുണ്യം സമ്മാനിച്ച എം.ടി വാസുദേവൻ നായരുടെ വേർപാടിന് ഇന്ന് ഒരാണ്ട് തികയുന്നു. അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ എംടി യുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വർഷം. 2024 ഡിസംബർ 25ന് രാത്രിയാണ് ആ സർഗപ്രതിഭ വിട പറഞ്ഞത്. എംടി ഉൾപ്പെടെയുള്ള എഴുത്തുകാരുടെയും കലാകാര ന്മാരുടെയും സാന്നിധ്യം കൊണ്ട് കോഴിക്കോടിന് കൈവന്ന സാഹിത്യനഗര പദവി യുനെസ്കോ പ്രഖ്യാപിച്ച് 13 മാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം. ദീർഘകാലം അദ്ദേഹം നേതൃതം വഹിച്ച തിരൂർ തുഞ്ചൻപറമ്പിൽ എംടിയുടെ ഓർമയ്ക്കായി സാംസ്കാരിക സമുച്ചയം ഉയർന്നുകാണാൻ കാത്തിരിക്കുകയാണ് സഹൃദയലോകം.
തുഞ്ചൻസ് മാരകത്തിന്റെ സരസ്വതി മണ്ഡപത്തിന് ചേർന്നാണ് മ്യൂസിയവും ഗ്യാലറിയുമുൾപ്പെടുന്ന സമുച്ചയം പണിയുന്നത്. ഇതിന്റെ കരാർ നൽകിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്. കഴിഞ്ഞ ബജറ്റിൽ ആദ്യഘട്ടമായി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. ഒന്നാം ചരമവാർഷികത്തിൽ പൂർത്തിയാവുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല. കേരളത്തിൻ്റെ സാംസ്‌കാരിക നഭസ്സിൽ വലിയൊരു ശൂന്യത സ്യഷ്ടിച്ചാണ് എംടി കടന്നുപോയത്. ആ ശൂന്യത നികത്താൻ സ്മൃതിമന്ദിരങ്ങളേക്കാൾ ഉതകുന്നത് അദ്ദേഹം അവശേഷിപ്പിച്ച കഥാലോകവും സർഗസാന്നിധ്യവുമാണെന്ന് മലയാളികൾ തിരിച്ചറിയുന്ന ഘട്ടം കൂടിയാണ് ഈ ഓർമ്മദിവസം.
