ഓടച്ചൂട്ടുകൾ തെളിഞ്ഞു, ഇനി ഉത്സവകാലം ; കുന്നത്തൂർ പാടിയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കമായി



ശ്രീകണ്ഠപുരം :- അടിയന്തിരക്കാരും കോമരവും തന്ത്രിയും കരക്കാട്ടിടം നായനാരും ഓടച്ചൂട്ടുകൾ കത്തുന്ന വെളിച്ചത്തിൽ കാട്ടിലെ പാടിയിൽ പ്രവേശിച്ചതോടെ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഒരുമാസം നീളുന്ന തിരുവപ്പന ഉത്സവത്തിനു തുടക്കമായി. രാവിലെ മുതൽ താഴെ പൊടിക്കളത്തെ മുത്തപ്പൻ ക്ഷേത്രത്തിൽ പതിവുപൂജകൾ നടന്നു. സന്ധ്യയോടെയായിരുന്നു പാടിയിൽ പ്രവേശിക്കൽ. ആചാര വെടിയോടെ ഗോത്രസംസ്‌കാരത്തെ അനുസ്‌മരിപ്പിക്കുന്ന പാടിയിൽ പ്രവേശിക്കൽ നടന്നു. ആദ്യദിവസം താഴെ പൊടിക്കളത്തിലെത്തിയ ഭക്തജനങ്ങളും അടിയന്തിരക്കാരോടൊപ്പം പാടിയിൽ കയറി.

ആരംഭദിനത്തിൽ മുത്തപ്പന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളെ കാണിക്കുന്ന പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. തിരുവപ്പനയ്ക്കു ശേഷം വെള്ളാട്ടവും ഉണ്ടായിരുന്നു. കരക്കാട്ടിടം നായനാരുടെ കങ്കാ ണിയറയിൽ തെളിച്ച വിളക്ക് ഉത്സവാവസാനം വരെ കത്തി ക്കൊണ്ടിരിക്കും. ജനുവരി 15നു രാത്രിയാണ് ഉത്സവം സമാപിക്കുന്നത്. ഇന്നു മുതൽ എല്ലാദിവസവും വൈകുന്നേരം വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതി എന്നിവ കെട്ടിയാടിക്കും.

Previous Post Next Post