ആലപ്പുഴ :- സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക വിനോദ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന കർശന നിർദേശവുമായി ബാലാവകാശ കമ്മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും. ബാലാവകാശ കമ്മിഷൻ്റെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥർക്കും സ്‌കൂൾ പ്രധാനാധ്യാപകർക്കും കർശന നിർദേശം നൽകി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണു കലാകായിക പ്രവൃത്തി പരിചയ പീരിയഡുകൾ (പിഇടി) ഉറപ്പാക്കാൻ നിർദേശം നൽകിയത്. കരിക്കുലം നിർദേശിക്കുന്ന തരത്തിൽ കലാകായിക പീരിയഡുകൾ കുട്ടികൾക്കു ലഭ്യമാകുന്നുണ്ടെന്ന് അതതു സ്കൂളുകളിലെ പ്രധാനാധ്യാപകരാണ് ഉറപ്പാക്കേണ്ടതെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ആരോഗ്യ, കായിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സ്കൂളുകളിലും ഈ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുകയാണു ചെയ്യുന്നത്. കായികാധ്യാപകരുടെയും ഗ്രൗണ്ടിന്റെയും അഭാവമാണു പലയിടത്തും കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ എല്ലാ പീരിയഡുകളിലും ക്ലാസ് മുറികളിൽ ഇരിക്കേണ്ടി വരുന്നതു കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക, ശാരീരിക ഉന്മേഷത്തിനും കായികമായ കഴിവു കണ്ടെത്തുന്നതിനുമാണു കലാ കായിക പീരിയഡ് നൽകിയിട്ടുള്ളതെന്നും അതു കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും ബാലാവകാശ കമ്മിഷൻ പറയുന്നു. കമ്മിഷനു ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണു കലാകായിക പീരിയഡ് ഉറപ്പാക്കാൻ നടപടി ആരംഭിച്ചത്.
