ശബരിമല :- തീർഥാടനം തുടങ്ങി 28 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം 24.12 ലക്ഷം കവിഞ്ഞു. ഇന്നലെ രാവിലെ 11 വരെയുള്ള കണ ക്കനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ 4 ലക്ഷം തീർഥാടകർ കൂടുതലാണ്. ശരാശരി 80,000 പേരാണ് ഒരു ദിവസം എത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് - 1.01 ലക്ഷം. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.666
കാനനപാത വഴി എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. രണ്ട് കാനനപാതകളിലൂടെയുമായി 1,02,338 പേരാണ് എത്തിയത്. കരിമല വഴി 37,059 പേരും പുല്ലുമേട് വഴി 64,776 പേരും എത്തി. കരിമല വഴി പ്രതിദിനം 2500 പേർ എത്തുമ്പോൾ പുല്ലുമേട് വഴി 4500 - 5000 പേർ എത്തുന്നുണ്ട്. ഞായറാഴ്ചയായിട്ടും ഇന്നലെ തിരക്ക് കുറവായിരുന്നു. മിക്ക സമയത്തും വലിയ നടപ്പന്തലിൽ ക്യൂ ഇല്ലായിരുന്നു. ഉച്ചയ്ക്ക് ഒന്നുവരെയുള്ള കണക്ക് അനുസരിച്ച് 34,313 പേരാണ് എത്തിയത്. അതിൽ സ്പോട് ബുക്കിങ് വഴി എത്തിയത് 5419 പേരാണ്.
