ഗുരുവായൂർ :- ഗുരുവായൂർ ദേവസ്വം കുചേലദിനം ബുധനാഴ്‌ച ആഘോഷിക്കും. കുചേലദിനത്തിലെ സവിശേഷ വഴിപാടായ അവിൽ നിവേദ്യം ലഭിക്കുന്നതിന് ഓൺലൈൻ വഴി ശീട്ടാക്കാൻ തുടങ്ങി. ഇതിനു പുറമേ ചൊവ്വാഴ്‌ച വൈകുന്നേരം പ്രത്യേക കൗണ്ടർ തുറക്കും. വഴിപാടുകൾ ശീട്ടാക്കുന്നിടത്തുതന്നെയായിരിക്കും കൗണ്ടർ. ഒരു പാക്കറ്റിന് 25 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 100 രൂപയ്ക്കുവരെ (നാലു ശീട്ട്) വാങ്ങാം. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേർത്ത് കുഴച്ച അവിലാണ് ലഭിക്കുക.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ദേവസ്വം കുചേലദിനമായി ആഘോഷിക്കുന്നത്. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ്റെ സ്‌മരണയ്ക്കായി ശിഷ്യർ ചേർന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കഥകളിപ്പദ സംഗീതക്കച്ചേരി അവതരിപ്പിക്കും. രാത്രി ഏഴരയ്ക്ക് നടി ദേവീചന്ദനയുടെ സംഗീതാർച്ചന, പത്തിന് ഡോ.സഭാപതിയുടെ കുചേലവൃത്തം കഥകളി എന്നിവ ഉണ്ടാകും.
