കണ്ണൂർ:-സംസ്ഥാനത്തെ മികച്ച സ്ഥാപന പച്ചത്തുരുത്തിനുള്ള പുരസ്‌കാരം നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്നേഹവനം ട്രീ മ്യൂസിയം പച്ചത്തുരുത്തിലേക്ക് പഠനയാത്ര നടത്തി പാപ്പിനിശ്ശേരി ഇ.എം.എസ് ഹൈസ്‌കൂളിലെ എസ്പിസി വിദ്യാര്‍ഥികള്‍. ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് എസ് പി സി ക്രിസ്മസ് ക്യാമ്പിന്റെ ഭാഗമായി 80 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അധ്യാപകരും പച്ചത്തുരുത്തിയിലേക്ക് എത്തിയത്. പൂത്തു നിന്ന കായാമ്പൂവും, കൊക്കം കായ്കളും കിലുക്കി ചെടിയിലെ പൂമ്പാറ്റകളും കര്‍പ്പൂരവും സര്‍വസുഗന്ധിയും നീര്‍മാതളവും കുട്ടികള്‍ക്ക് പുത്തന്‍ അനുഭവങ്ങളായിരുന്നു.
പച്ചത്തുരുത്തും ശലഭോദ്യാനവും സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ഥികള്‍ ജയില്‍ കോമ്പൗണ്ടിന് പുറത്തുള്ള പപ്പായ, തണ്ണിമത്തന്‍ കൃഷിയിടങ്ങളും ജയിലിലെ ഹരിതസ്പര്‍ശം പ്രവര്‍ത്തനത്തിന്റെ ഭാഗമായ സുഗന്ധ വീതി ക്യാമ്പയിന്റെ മുല്ല ചെടികളും സന്ദര്‍ശിച്ചു. പഠനയാത്രയ്ക്ക് വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടര്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് ആര്‍ പി ശ്രീശന്‍, എസ്പിസി ചാര്‍ജുള്ള അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഠനയാത്രയുടെ തുടര്‍പ്രവര്‍ത്തനമായി നാളെ സ്‌കൂള്‍ കോമ്പൗണ്ടില്‍ ശലഭ ഉദ്യാനം ഒരുക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ വേണു പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി സന്തോഷ്, പ്രിസണ്‍ ഓഫീസര്‍മാരായ എ.കെ ഷിനോജ്, ബൈജു, ബിജിത്ത്, ഹരിത കേരളം മിഷന്‍ കണ്ണൂര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ശ്രീരാഗ് രമേശ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമില്‍ എന്നിവര്‍ ക്ലാസെടുത്തു.
