മലപ്പുറം :- തെരെഞ്ഞെടുപ്പിൽ ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച സ്ഥാനാർത്ഥി നന്ദി പറയാൻ വാർഡിലെ വീടുകളിലെത്തിയത് ആപ്പിളുകളുമായി. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വീടുകളിൽ ആപ്പിളുകൾ എത്തിച്ചത്. വാർഡിലെ നാനൂറോളം വീടുകളിലും നല്ലേങ്ങര ഇബ്രാഹിം ആപ്പിളുകൾ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. 'ആപ്പിൾ' ചിഹ്നത്തിൽ ജനവിധി തേടിയ ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പാർട്ടി വിമതനായി മത്സരിച്ചപ്പോൾ കൂടെ കൂടാതിരുന്ന പലരും ആപ്പിൾ വിതരണത്തിൽ ഇബ്രാഹിമിനൊപ്പം കൂടി. വോട്ട് അഭ്യർത്ഥനയുമായി വീടുകളിലെത്തിയപ്പോൾ വിജയിച്ചാൽ ആപ്പിളുകളുമായി എത്തുമെന്ന് ഇബ്രാഹിം പറഞ്ഞിരുന്നെങ്കിലും അതൊക്കെ വെറും വാഗ്ദാനമായി മാത്രമേ പലരും കണക്കിലെടുത്തിരുന്നുള്ളൂ. എന്നാൽ, വിജയിച്ചശേഷം പറഞ്ഞ വാക്ക് അതുപോലെ പാലിക്കുകയായിരുന്നു ഇബ്രാഹിം. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ഇത്തരത്തിൽ ജനങ്ങൾക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്. എന്തായാലും ഇബ്രാഹിം വാക്കു പാലിച്ചപ്പോൾ വോട്ടർമാരാർ ശരിക്കും ഇപ്പോൾ സങ്കടത്തിലാണ്. ഇബ്രാഹിമിന് മൊബൈൽ ഫോണോ ടെലിവിഷനോ അങ്ങനെ വലിയ വിലപിടിപ്പുള്ള ചിഹ്നം എന്തേ തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കാതിരുന്നതെന്ന സങ്കടമാണ് തമാശയായി വോട്ടർ പങ്കുവെക്കുന്നത്.
