'ഹലോ മന്ത്രിയല്ലേ, അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നു' ; വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് ഏഴാംക്ലാസുകാരന്റെ പരാതി


കോഴിക്കോട് :- അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ടത്. മന്ത്രി തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി പറഞ്ഞു.

യുഎസ്എസിൻ്റെ ക്ലാസാണതെന്നും കുറച്ച് സമയം മാത്രമേ ക്ലാസുള്ളൂവെന്നും പിന്നാലെ കുട്ടിയുടെ അമ്മ  മന്ത്രിയോട് പറഞ്ഞു. കളിക്കാൻ പോകാൻ വേണ്ടിയാണ് പരാതി പറയുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ താത്പര്യം ക്ലാസെടുക്കണമെന്നാണോയെന്ന് മന്ത്രി ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. എന്നാൽ കുട്ടിയുടെ ആവശ്യത്തിനൊപ്പമാണ് മന്ത്രി നിന്നത്. അവധിക്കാലത്ത് കുട്ടികൾ കളിക്കട്ടെയെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി കളിച്ചുവളരേണ്ട സമയമാണെന്നും മന്ത്രി ഓർമിപ്പിച്ചു. താനാണ് വിളിച്ചതെന്ന് സ്‌കൂളിൽ പറയരുതേയെന്നും ഫർഹാൻ മന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റാരുടെയെങ്കിലും പേര് പറയാമെന്ന് മന്ത്രി സമ്മതിച്ചു. കളി മാത്രമാകരുതെന്നും പഠിക്കാനുള്ളത് പഠിക്കണമെന്നും ഫർഹാനോട് മന്ത്രി പറഞ്ഞു. കളി മാത്രമേയുള്ളൂവെന്നായിരുന്നു അമ്മയുടെ പരിഭവം.

Previous Post Next Post