SIR കരട് വോട്ടർ പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും ; പുറത്തായവർക്ക് ജനുവരി 22 വരെ പരാതി സമർപ്പിക്കാം


തിരുവനന്തപുരം :- എസ്. ഐ.ആർ കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ പരാതികൾ ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ സമർപ്പിക്കാം. 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഉൾപ്പെടാത്തവരുടെ ബുത്ത് തിരിച്ചുള്ള പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കും. 25 ലക്ഷത്തിലേറെ പേരെ പട്ടികയിൽ നിന്നൊഴിവാക്കും. പട്ടിക ജില്ലാതലത്തിൽ ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. ഇലക്ഷ ൻ കമ്മിഷൻ വെബ്സൈറ്റിലും അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബി.എൽ.ഒമാർക്കും പട്ടിക ലഭ്യമാക്കും. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവരെ ഇ.ആർ.ഒമാർ ഹിയറിംഗിന് വിളിക്കും. കരട് പട്ടികയിലുള്ളവരുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കിയാൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം.

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതി തീർപ്പാക്കലും ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ നടക്കും. പട്ടികയിലുൾപ്പെടാത്തവർ ഈ കാലയളവിൽ ഫോം ആറിനൊപ്പം നിശ്ചിത സത്യവാങ്‌മൂലവും സമർപ്പിച്ച് എസ്.ഐ.ആറിൽ പേര് ചേർക്കാം. കരട് ‌വോട്ടർപട്ടിക പ്രസിദ്ധീകരിക്കും മുമ്പ് ഒരു ബി.എൽ.എ ഒരു ദിവസം 50ൽ കൂടുതൽ അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർക്ക് സമർപ്പിക്കരുത്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇത് പ്രതിദിനം 10 അപേക്ഷകൾ മാത്രമായിരിക്കുമെന്നും ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.

അന്തിമ വോട്ടർപട്ടിക 2026ഫെ ബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ഇതിനുള്ളിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസിവോട്ടർമാരുടെ പേര് ചേർക്കാൻ ഫോം 6 എ, മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് എന്നിവയിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഫോം 7, വിലാസം മാറുന്നതിനും തിരുത്തലുകൾക്കും ഫോം 8 എന്നിവയാണ് നൽകേണ്ടത്. ഫോമുകൾ ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റിൽ കിട്ടും. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽ ക്കർ അറിയിച്ചു.

Previous Post Next Post