തിരുവനന്തപുരം :- തീവ്ര വോട്ടർ പട്ടികപരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25,72,889 വോട്ടർമാർ പുറത്ത്. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ എസ്.ഐ.ആർ നടപടി തുടങ്ങിയപ്പോൾ പട്ടികയിലുണ്ടായിരുന്നവർ 2,78,59,855 പേർ. കരട് പട്ടികയിൽ ഉണ്ടാവുക 2,52,86,966 പേർ. പുറത്താക്കപ്പെടുന്നവരിൽ കൂടുതൽ തിരുവനന്തപുരത്ത്- 4,36,857. പുറത്താകുന്നവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002 ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോദ്ധ്യപ്പെട്ടാൽ നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും. എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യാൻ പറ്റാത്തതിലൂടെ ഉൾപ്പെടാതെ പോയവർ 71,877, മരിച്ചവർ 6,44,547, കണ്ടെത്താൻ സാധിക്കാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ടിപ്പ് 1,31,530, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 1,93,631 എന്നിങ്ങനെയാണ് പുറത്താക്കപ്പെടുന്നവരെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ അറിയിച്ചു. പരാതിയുണ്ടെങ്കിൽ ജനുവരി 22വരെ അറിയിക്കാം. ഫെബ്രുവരി 14 വരെ ഹിയറിംഗ്. ഫെബ്രുവരി 21 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
