നാറാത്ത്:-പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാറാത്ത് - കല്ലൂരിക്കടവ് പാലം നിർമ്മാണ നടപടികൾ വേഗത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്‌ബി അധികൃതർ സ്ഥലം സന്ദർശിച്ചു.
സ്ഥലമേറ്റെടുക്കുന്നതിനുള്ള തുക കൂടി ഉൾപ്പെടുത്തി 46.49 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആർ ജനുവരി 14 ന് സമർപ്പിച്ചിരുന്നു. ഇതിന്റെ സാമ്പത്തിക അനുമതിക്കയാണ് അധികൃതർ സ്ഥലം സന്ദർശിച്ചത്. 46 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമാകുന്നതോടു കൂടി പാലം പ്രവൃത്തി ആരംഭിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാകുമെന്നും കെ.വി.സുമേഷ് എം എൽ എ പറഞ്ഞു.
25 കോടി രൂപ ചെലവിൽ 2017പ്രഖ്യാപിക്കുകയും നിർമ്മാണം അനന്തമായി നീളുകയും ചെയ്ത കല്ലൂരിക്കടവ് പാലം പദ്ധതി 2021 ൽ കെ വി സുമേഷ് എം എൽ എ നിയമസഭയിൽ സബ്‌മിഷനായി ഉന്നയിച്ചതോടെയാണ് സാങ്കേതിക നടപടികൾ ആരംഭിച്ചത്. ഇതിലേക്ക് അപ്പ്രോച്ച് റോഡുകൾ കൂട്ടിച്ചേർത്തതും അലൈൻമെന്റിൽ വന്ന മാറ്റവും പദ്ധതി പിന്നെയും വൈകിപ്പിച്ചു. നേരത്തെ നാറത്ത് ടൗണിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു ഡിസൈൻ. പിന്നീട് ആലിങ്കീലിലേക് മാറ്റുകയായിരുന്നു.
കിഫ്ബി നിർദ്ദേശപ്രകാരം അപ്പ്രോച്ച് റോഡുകളായ നാറത്തു ഭാഗത്തു നിന്നും 1.34 കി.മീ ഉം പാപ്പിനിശ്ശേരി ഭാഗത്തു നിന്ന് 800 മീറ്ററും നീളം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് 43.13 കോടിയുടെ പുതുക്കിയ ഡി പി ആർ സമർപ്പിച്ചിരുന്നു. ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ആദ്യ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇരു പഞ്ചായത്തുകളിലും ഉടമകളുടെ യോഗം വിളിച്ചുചേർത്തെങ്കിലും സൗജന്യമായി ഭൂമി വിട്ടുനൽകാൻ ഭൂരിഭാഗം പേരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സ്ഥലമേറ്റെടുക്കലിന് പണം നൽകിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായി അധികമായി വരുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ 46.49 കോടി രൂപയുടെ അന്തിമ ഡി.പി.ആർ സമർപ്പിച്ചിരിക്കുന്നത്.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപൻ, വാർഡ് മെമ്പർ ഏഴിൽ രാജൻ , കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ പുരുഷോത്തമൻ, അപ്രൈസൽ വിങ്ങ് ഹെഡ് രാജീവൻ, ബ്രിഡ്ജ് വിഭാഗം കൺസൾട്ടന്റ് നെഫ്സർ, കെ ആർ എസ് ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കോയിലേര്യൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കുമാർ കെ വി, കിഫ്‌ബി അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു, പിഡബ്ല്യുഡി എൻജിനീയർ സ്വാതി രാഗ് എന്നിവർ പങ്കെടുത്തു.
