കണ്ണൂർ :- 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര നാളെ ജനുവരി 2 ന് കണ്ണൂരിലെത്തും. രാവിലെ 9 മണിക്ക് പയ്യന്നൂരിൽ യാത്രക്ക് വരവേൽപ്പ് നൽകും. വൈകുന്നേരം 4 മണിക്ക് കണ്ണൂർ പ്രഭാത് ജങ്ഷനിൽനിന്ന് തുടങ്ങുന്ന യാത്രയിൽ സെന്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും. വൈകുന്നേരം 5 മണിക്ക് കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളി ഉദ്ഘാടനം ചെയ്യും. പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ജാഥയുടെ ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ വിഷയാവതരണം നടത്തും. കെ.സുധാകരൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദിയുടെ ഭാഗമായാണ് കേരളയാത്ര. കാസർകോട്ടു നിന്ന് തുടങ്ങിയ യാത്ര ജനുവരി 16- ന് തിരുവനന്തപുരത്ത് സമാപിക്കും.
