ആലപ്പുഴ :- പൊതുവിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡുകാരുടെ ആട്ട ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. ലഭ്യതയനുസരിച്ച് രണ്ടുകിലോവരെ ഈ മാസം കിട്ടും. കിലോയ്ക്ക് 17 രൂപയാണു വില. അഗതി, അനാഥ മന്ദിരങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങളിലെ എൻ.പി.ഐ കാർഡുകാർക്കും ഇത്തവണ ആട്ടയുണ്ടാകും. പരാമവധി ഒരു കിലോ. ഗോതമ്പിൻ്റെ ലഭ്യത കുറഞ്ഞതോടെ ഏതാനും വർഷമായി ഈ കാർഡുകാർക്ക് ആട്ട കൊടുക്കുന്നില്ലായിരുന്നു.
വെള്ളക്കാർഡുകാരുടെ അരി വിഹിതം രണ്ടുകിലോയായി കുറച്ചിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് നീല, വെള്ള കാർഡുകാർക്ക് കൂടുതൽ അരി കൊടുത്തതു മൂലമുണ്ടായ ക്ഷാമമാണ് വിഹിതം കുറയ്ക്കുന്നത്. ഡിസംബറിൽ വെള്ളക്കാർഡിന് 10 കിലോയും നീലക്കാർഡിന് പതിവു വിഹിതം കൂടാതെ അഞ്ചുകിലോ അധികവും അരി കൊടുത്തിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻകട മുടക്കമായതിനാൽ ശനിയാഴ്ച മുതലേ ജനുവരിയിലെ വിതരണം തുടങ്ങൂ.
