ഹാൻവീവിലെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന് സസ്പെൻഷൻ


കണ്ണൂർ :- ഹാൻവീവിൽ ശമ്പളം കുടിശ്ശികയായതുമായി ബന്ധപ്പെട്ട് ചെയർമാനെ സമൂഹികമാധ്യമത്തിലൂടെ വിമർശിച്ച ജീവനക്കാരന് സസ്പെൻഷൻ. കുറച്ചുദിവസം മുൻപാണ് ഹാൻവീവിന്റെ ചിറക്കലിലെ ഡൈ ഹൗസ് ജീവനക്കാരൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഡിസംബറിൽ കുടിശ്ശിക തീർപ്പാക്കുമെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും അത് നടപ്പായില്ല. ഈ സാഹചര്യത്തിലായിരുന്നു പോസ്റ്റ്. തന്നെ മാത്രമല്ല, സ്ഥാപനത്തെകൂടി അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റിട്ടതിനാലാണ് നടപടിയെടുത്തതെന്ന് ചെയർമാൻ ടി.കെ ഗോവിന്ദൻ പറഞ്ഞു. അതിൽ അന്യായമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാൻവീവിലെ ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ്. അത് മുടങ്ങിയിട്ട് നാലരമാസമായി. മൂന്ന് മേഖലകളിലെ സെന്റ്റുകളിലും വില്പനശാലകളിലുമായി 170 ജീവനക്കാരുണ്ട്. ഓഗസ്റ്റിലാണ് അവസാനമായി ശമ്പളം നൽകിയത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ വാടകയും കുടിശ്ശികയാണ്. ശമ്പള കുടിശ്ശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ സംയുക്തമായി സമരം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഓണത്തിന് മുന്നോടിയായി കുടിശ്ശിക അനുവദിച്ചത്. മുൻപും ആറുമാസംവരെ ശമ്പളം കുടിശ്ശികയായപ്പോൾ സമരവും നിര ന്തര പ്രതിഷേധങ്ങളുമുയർത്തിയതിനെ തുടർന്നാണ് പരിഹാരമുണ്ടായത്. വായ്പാ തിരിച്ചവടവും മറ്റ് കടബാധ്യതകളുമുള്ള ജീവനക്കാർ പ്രതിസന്ധിയിലാണ്.

Previous Post Next Post