കോഴിക്കോട് :- വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കൽ വയൽ ഒരുങ്കോകുന്നുമ്മൽ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസിൽ പാരപ്പറ്റിനോട് ചേർന്ന് കവറുകളിൽ നട്ട് പരിപാലിച്ചിരുന്ന രീതിയിൽ പത്ത് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടികൾ പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശ പ്രകാരം എസ്ഐ വിഷ്ണു, സിപിഒ അനിൽ ജോസ്, ജൂഹി ശശികുമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
