തൊഴിലാളികളുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ; ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'രക്ഷാകവചം' എന്ന പേരിൽ 25 ലക്ഷം തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ പറയുന്നു. തൊഴിൽവകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയിൽ അംഗങ്ങളായവർക്കായാണ് 'രക്ഷാകവചം' നടപ്പാക്കുന്നത്. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് നൽകും. പദ്ധതി നാളെ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. തൊഴിലാളി അപകടത്തിൽ മരിച്ചാൽ നിയമപ്രകാരം തൊഴിലുടമ നൽകേണ്ട ആനുകൂല്യങ്ങൾക്ക് പുറമെ ആശ്രിതർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.

അപകടം തൊഴിലിടത്തിന് പുറത്തായാലും സഹായം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസിയായ ചിയാക് വിഭാവനം ചെയ്ത പദ്ധതി തൊഴിൽവകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി വിഹിതമായി 150 രൂപ ഓരോ തൊഴിലാളിയിൽനിന്നും പിടിയ്ക്കും. 2025-26 ബജറ്റിൽ പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

Previous Post Next Post