കോഴിക്കോട് :- കോഴിക്കോട് വലിയങ്ങാടിയിലെ ഗോഡൗൺ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോർപ്പറേഷൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു. കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. രണ്ടു കെട്ടിടം അപകടാവസ്‌ഥയിൽ എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തുമെന്നും കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. ഇതിനിടെ, വലിയങ്ങാടി അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കോർപ്പറേഷൻ കൗൺസിലിനും റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
കെട്ടിടത്തിന്റെ സൺ ഷെയ്‌ഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശി ബഷീർ, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ, കിണാശ്ശേരി സ്വദേശി ജബ്ബാർ എന്നീ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.ലോഡ് ഇറക്കിയ ശേഷം കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. ഏകദേശം 70 വർഷത്തിലധികം പഴക്കമുള്ള, കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം നിലവിൽ ഗോഡൗണായാണ് ഉപയോഗിച്ചിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണ് പലരെയും പുറത്തെത്തിക്കാനായത്.
